
''ഏതു 'ജില്ല'യില്‍ നിന്ന് എത്ര സിംഹം വന്നാലും 'തല' ഒന്നുമതി'' എന്ന് പോസ്റ്ററില്‍ അച്ചടിച്ചുവെക്കുന്നത് ആരെ ആവേശം കൊള്ളിക്കാനാണോ അക്കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ട് 'വീരം' എന്ന അജിത്കുമാര്‍ ചിത്രത്തില്‍.അതിനുമാത്രമേ വകയുള്ളൂ എന്നുകൂടി മനസ്സിലോര്‍ത്തുവേണം തിയേറ്ററില്‍ കേറാനെന്നുമാത്രം.
'ചിരുത്തൈ' എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത ശിവയാണ് 'വീര'മൊരുക്കിയതെന്ന് പോസ്റ്ററില്‍ കാണുന്നു.പക്ഷേ, സംവിധായകനെന്നൊരാളുടെ സാന്നിധ്യം അനുഭവപ്പെടുത്തുന്നതൊന്നും സ്‌ക്രീനില്‍ കാണാനില്ലെന്നുമാത്രം.വല്ല ജോലിയുമുണ്ടായിരുന്നെങ്കില്‍ അതുമുഴുവന്‍ ചെയ്തത് പാവം ഫൈറ്റ് മാസ്റ്ററാണെന്നു വേണം മനസ്സിലാക്കാന്‍.സിനിമയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച 'തല'കളുടെ പേരെഴുതിക്കാണിക്കുന്ന ഏര്‍പ്പാടുണ്ടല്ലോ തുടക്കത്തില്‍.'ടൈറ്റില്‍ കാര്‍ഡ'് എന്നോ മറ്റോ ആണ് ആ ഏര്‍പ്പാടിനു പേര്.
അവിടുന്നു തുടങ്ങുന്നു അടി, ഇടി, വെട്ട്, കുത്ത്.മൊത്തത്തില്‍ ചോരയുടെ ഒരയ്യരുകളി.അഹിംസാവാദിയെപ്പോലും ആയുധപാണിയുടെ അണിയാക്കുന്നതിലവസാനിക്കുന്നു ഈ ചോരക്കളി.'മാസ് മസാല' എന്നാണ് ഇതിന്റെ വിശേഷണം.അതിന്റെ എരിവു കാരണമാകാം, കാണികള്‍ക്ക് കണ്ണില്‍നിന്നും ചോരവരുംപോലെ തോന്നുന്നത്.
പേടിക്കണം.'ജില്ല'ക്കാര്‍ എത്ര ചോരയൊഴുക്കുന്നോ അതിലൊട്ടും കുറയരുതല്ലോ നമ്മുടെ ചോരയൊഴുക്കല്‍.ഇതിനിടയില്‍ നായകത്തലയുടെ തല ഓരോ കുറി കാണുമ്പോഴും തിയേറ്ററിലെ മൂട്ടകടി കാരണമാണോ അതോ യഥാര്‍ഥആവേശം കൊണ്ടാണോ സീറ്റിലിരിപ്പുറക്കാതെ കുതിച്ചുപൊങ്ങുന്ന കുറേപ്പേരുടെ ബഹളവും. ആകപ്പാടെ, പൊങ്കലാഘോഷത്തിനുള്ള ചോരയൊഴുക്കല്‍ നന്നേ കൊഴുത്തു.പലതരം പൊങ്കലുകളുണ്ടെന്നു കേട്ടിട്ടുണ്ട്.'ചോരപ്പൊങ്കല്‍' എന്നൊന്നുകൂടി കണ്ടുപിടിച്ച മട്ടുണ്ട് ഇതൊക്കെ കാണുമ്പോള്‍.
മമ്മൂട്ടിയും സംഘവും മലയാളത്തില്‍ അവതരിപ്പിച്ച 'വല്യേട്ടന്‍'കളിയുടെ തമിഴ് അവതാരമാണിത്.തമിഴ് സിനിമകളിലെ പുണ്യപുരാതനരീതിയനുസരിച്ചുള്ള എല്ലാ ചിട്ടവട്ടങ്ങളും ഒപ്പിച്ചിട്ടുള്ളൊരു സാധനം.അതാണ് 'വീരം'.കുത്തുപാട്ടിന് വേണ്ടത്ര സ്ഥാനം കിട്ടാത്തതിനാല്‍ 'എന്റര്‍ടെയ്ന്‍മെന്റ്' കുറച്ചുകുറഞ്ഞുപോയോ എന്നൊരു സംശയം ഉയര്‍ന്നേക്കാം.കത്തിക്കുത്ത് ആവശ്യത്തിലേറെയുള്ളപ്പോള്‍ കുത്തുപാട്ടുകൂടിയായാല്‍ അജീര്‍ണം വന്നുഭവിക്കുമോ എന്ന് സംവിധായകന്‍ ശങ്കിച്ചതാകാം.
നായകന്‍ അജിത്ത് ഒട്ടച്ചത്രം വിനായകം എന്ന വല്യേട്ടനായി വേഷമിടുന്നു.അദ്ദേഹത്തിന് നാലു സഹോദരന്മാര്‍.അവരോടുള്ള സ്‌നേഹം കുറയാതിരിക്കാന്‍ നായകന്‍ അവിവാഹിതനായി നില്‍പ്പാണ്.(എന്തൊരു തിയറി! ഇമ്മാതിരി ഐഡിയകള്‍ കണ്ടെത്തുന്നവന്റെ തല വെയിലു കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം.)പക്ഷേ, നായികയായ ഗോപുരം ദേവിയെ കാണുന്നതോടെ സംഗതി പാളി.തമന്നയാണ് അവള്‍. ഏതു വിശ്വാമിത്രന്റെയും നിലയിളകിപ്പോകുമെന്ന് സംവിധായകന് തോന്നിപ്പോകുന്നതില്‍ തെറ്റു പറയാനില്ല.അദ്ദേഹത്തിന്റെ മുന്‍സിനിമയിലും തമന്നയെ കണ്ടാണ് നായകന്റെ ധൈര്യം പോയ്‌പ്പോകുന്നത്.നായികയെ കണ്ട ശേഷം വെട്ടുംകുത്തുമൊക്കെ നിര്‍ത്താന്‍ നായകന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും വില്ലന്മാര്‍ വിടണ്ടേ...?
പതിവുപോലെ, വില്ലന്മാരെയൊക്കെ ഒതുക്കി നായികയെ കല്യാണം കഴിച്ച് നായകന്‍ സെറ്റിലാവുമെന്ന് പോസ്റ്റര്‍ കാണുമ്പോള്‍ത്തന്നെ വ്യക്തമാണെന്നിരിക്കെ ക്ലൈമാക്‌സ് തുടങ്ങിയ സംഗതികളെക്കുറിച്ചൊന്നും ബേജാറ് വേണ്ടേ വേണ്ട.അതിനിടയില്‍ വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ 'തല', 'എന്ന നാന്‍ സൊല്‍വത്' എന്നിങ്ങനെയുള്ള 'പ്രയോഗഭംഗികള്‍' തിരുകിക്കയറ്റണം.പഞ്ച്ഡയലോഗുകള്‍ കേറ്റി ആരാധകരുടെ ആവേശമേറ്റണം.അതൊക്കെ ചെയ്തുചെയ്തു തന്നെയാണ് സിനിമ മുന്നേറുന്നത്.അടികൊള്ളാനുള്ള പ്രധാനനിയോഗം പ്രദീപ് റാവത്തിനും അതുല്‍ കല്‍ക്കര്‍ണിക്കുമാണ്.ആ പാവങ്ങള്‍ അതു നന്നായി നിര്‍വഹിക്കുന്നുണ്ട്.നാസര്‍,തമ്പിരാമയ്യ,വിദാര്‍ഥ്,ബാല,സന്താനം,അപ്പുക്കുട്ടി,രമേഷ് കണ്ണ,അവിനാശ്,അഭിനയ എന്നിങ്ങനെ കുറേ താരങ്ങള്‍ കൂടി നിരന്നുനില്‍പ്പുണ്ട് ഈ ചിത്രത്തില്‍.
പാട്ടും ആട്ടവുമൊക്കെ വേണ്ടപോലെയുണ്ട്.ഒന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ലെന്നത് പ്രേക്ഷകന്റെ പ്രശ്‌നമാവാം.ഇത്രയും ചോരക്കളിക്കിടയില്‍ എന്തു പാട്ട്, എന്ത് ആട്ടം?
0 comments:
Post a Comment