
പ്രേക്ഷകലക്ഷങ്ങളുടെ ആരാധനാമൂര്‍ത്തിസ്ഥാനത്തുനിന്ന് സ്വയം നിര്‍മിച്ച വല്മീകത്തിലേക്ക് തന്നെ മാറ്റി പ്രതിഷ്ഠിക്കാന്‍ സുചിത്ര സെന്നിനെ പ്രേരിപ്പിച്ച ചേതോവികാരമെന്തെന്ന് വ്യക്തമല്ല.
പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് വല്ലാത്തൊരു വാശിയോടെയാണ് അവര്‍ മാറിനിന്നത്. എന്നിട്ടും ആ അഭിനേത്രി ബംഗാളി ചലച്ചിത്രലോകത്ത് എന്നും ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്തു. ബംഗാളികളുടെ മനസ്സില്‍ നിത്യഹരിതയായ മഹാനായികയുടെ സ്ഥാനമായിരുന്നു അവര്‍ക്ക്.
ബംഗാളിനുപുറത്തുള്ള ഏറ്റവും പുതിയ തലമുറയ്ക്ക് റീമാ സെന്നിന്റെയും റിയാ സെന്നിന്റെയും മുത്തശ്ശിയായും അതിനു മുന്‍പുള്ളവര്‍ക്ക് മൂണ്‍മൂണ്‍ സെന്നിന്റെ അമ്മയായും ആണ് സുചിത്രസെന്‍ എന്ന പേര് പരിചിതം. എന്നാല്‍, ബംഗാളി സിനിമയുടെ മുഖ്യധാരയില്‍ അവര്‍ സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും നിതാന്തപ്രതീകമായിരുന്നു. മലയാളികള്‍ക്ക് നസീര്‍-ഷീല ജോഡിയെന്നതുപോലെയോ ഒരുപക്ഷേ, അതിനേക്കാള്‍ വൈകാരികമായ അടുപ്പത്തോടെയോ ബംഗാളിപ്രേക്ഷകര്‍ കണ്ടിരുന്ന കൂട്ടുകെട്ടായിരുന്നു ഉത്തംകുമാര്‍-സുചിത്ര സെന്‍ ജോഡി. തമ്മില്‍ത്തമ്മില്‍ നല്ല ചേര്‍ച്ചയുള്ള ദമ്പതികളെക്കണ്ടാല്‍ ബംഗാളികള്‍ക്ക് പെട്ടെന്ന് വരുന്ന വിശേഷണം ഉത്തം-സുചിത്ര പോലെ എന്നതായിരുന്നു.
മഹാനായക് എന്ന വിശേഷണം നല്‍കി ബംഗാള്‍ ആദരിച്ച ഉത്തംകുമാറിനോടൊപ്പമായിരുന്നു സുചിത്രയുടെ പല ജനപ്രിയ സിനിമകളും. സപ്തപദി, ഉത്തര്‍ ഫാല്‍ഗുനി, ഹരണോ ഷുര്‍, പൊഥെ ഹൊലെ ദേരി, അഗ്‌നിപരീക്ഷ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസ് ഹിറ്റുകളുടെ അവിഭാജ്യഘടകമായി സുചിത്രസെന്നിനെ മാറ്റി. ദീപ് ജ്വലേ ജായി, സാത് പാകെ ബദ്ധ തുടങ്ങിയവയും സുചിത്രയുടെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. സാത് പാകെ ബദ്ധയിലെ അഭിനയത്തിന് മോസ്‌കോ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും അവര്‍ക്ക് കിട്ടി. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ നടിക്ക് കിട്ടിയ ആദ്യ അവാര്‍ഡാണിത്.
ദേവദാസ്, മമത തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാലോകത്തിനും പ്രിയങ്കരിയായിരുന്നു സുചിത്ര. 1975-ല്‍ ഗുല്‍സാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആന്ധിയിലെ അവരുടെ കഥാപാത്രം വിവാദം സൃഷ്ടിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമായി സാമ്യമുണ്ടെന്നതായിരുന്നു ആരോപണം. മറ്റൊരു രാഷ്ട്രീയനേതാവായിരുന്ന താരകേശ്വരി സിന്‍ഹയോട് സാമ്യമുള്ളതാണെന്നും ചര്‍ച്ചകളുണ്ടായി. അടിയന്തരാവസ്ഥയുടെ കാലമായിരുന്നതിനാല്‍ ചിത്രം നിരോധിക്കപ്പെട്ടു.
1978-ല്‍ ജനത സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ചിത്രം വെളിച്ചം കണ്ടത്. സഞ്ജീവ് കുമാറും സുചിത്രസെന്നും ജോഡികളായ ഈ ചിത്രത്തിലെ 'തേരെ ബിനാ സിന്ദഗി സെ കോയീ ശിക് വാ' എന്ന ഗാനം ഏറെ പ്രശസ്തമാണ്. ആന്ധിക്കു ശേഷം രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്കു കൂടി മാത്രമേ സുചിത്ര വേഷമിട്ടുള്ളൂ. 1978-ല്‍ ഇറങ്ങിയ പ്രൊണൊയ് പാശ് ആയിരുന്നു അവസാന ചിത്രം.
കടുത്ത വാശിക്കാരിയായിരുന്നു സുചിത്ര സെന്‍. പോസ്റ്ററുകളില്‍ 'മഹാനായകനാ'യിരുന്ന ഉത്തംകുമാറിന്റെ പേരിനുമുന്നില്‍ തന്റെ പേര് വരണമെന്ന് അവര്‍ നിര്‍ബന്ധിച്ചിരുന്നുവത്രെ. തന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് മറ്റു സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പോകരുതെന്ന സത്യജിത് റേയുടെ നിബന്ധന സ്വീകാര്യമല്ലാത്തതിനാല്‍ റേയുടെ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിക്കാനും അവര്‍ക്ക് മടിയുണ്ടായില്ല. രാജ്കപൂറായിരുന്നു സുചിത്ര 'നോ' പറഞ്ഞ മറ്റൊരു സംവിധായകന്‍.
ഏറ്റവുമൊടുവില്‍ 2005-ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് പരിഗണിക്കപ്പെട്ടപ്പോളും പൊതുജനമധ്യത്തിലേക്ക് ഇല്ലെന്ന നിലപാട് മാറ്റാതെ അത് വേണ്ടെന്നുവെക്കാനായിരുന്നു അവര്‍ തീരുമാനിച്ചത്.ആസ്പത്രിക്കിടക്കയില്‍ അവസാനഘട്ടത്തില്‍ ചികിത്സയോടും മുഖം തിരിച്ച അവര്‍ മരണശേഷം കറുത്ത ചില്ലിട്ട പേടകത്തില്‍ ആര്‍ക്കും മുഖം കൊടുക്കാതെതന്നെ വിടവാങ്ങി. വെള്ളിത്തിരയില്‍ മാത്രം കണ്ടുപരിചയിച്ച നായികയായി.
0 comments:
Post a Comment